മേഘദൂതം

കാലദേശാവധികളില്‍ നിന്നു നിര്‍മുക്തമാണു സാഹിത്യം. മഹാകവി കാളിദാസനാല്‍ രചിക്കപ്പെട്ട സന്ദേശകാവ്യം ആണു മേഘസന്ദേശം. ക്രിസ്തുവിനു ശേഷം നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ആണു മേഘസന്ദേശം രചിക്കപ്പെട്ടതെന്നു വിശ്വസിക്കുന്നു.

സംസ്കൃത സാഹിത്യ രചനകളില്‍ എറ്റവും തീവ്രമായ പ്രണയാവിഷ്ക്കാരമാണു മേഘദൂതം എന്ന സന്ദേശകാവ്യം. വളരെ വ്യത്യസ്തമായി മനുഷ്യന്‍റെ എറ്റവും വൈയക്തികമായ പ്രണയവിരഹ ചിന്തകളെ കുറിച്ചുള്ള ഒരു സ്വതന്ത്ര കാവ്യം മുന്പു ഉണ്ടായതായി കരുതുന്നില്ല. മന്ദാക്രാന്താ വൃത്തത്തിലുള്ള രചന അതുകൊണ്ടു തന്നെ ഈ കാവ്യത്തിനു ഏറ്റവും അനുയോജ്യമാണു.

ഇന്നു കാണുന്ന സാങ്കേതിക വിദ്യകള്‍ കണ്ടു പിടിക്കുന്നതിനു എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്പു തന്നെ, കാളിദാസന്‍, ഭാരതത്തിന്‍റെ എല്ലാ ഭാഗങ്ങളിലും സഞ്ചരിച്ചു കൊണ്ടു, ഓരോ ദേശത്തിന്‍റെയും കാലാവസഥയേയും അവിടുത്തെ നിവാസികളുടെ ജീവിത രീതികളേയും പദ്യരൂപേണ യാത്രാ വിവരണമായി മേഘദൂതത്തില്‍ ചിത്രീകരിച്ചിരിക്കുന്നതായി കാണാം.

Listen to

Meghadootham

You’ll

love it

ഭാഗം – 1

ദിവ്യലോകമായ കൈലാസതടത്തിലുള്ള അളകാനഗരിയിലെ നിവാസികളാണു യക്ഷന്മാര്‍. അവരുടെ രാജാവു നിധിനാഥനായ വൈശ്രവണനുമാണു. അദ്ദേഹത്തിന്‍റെ കീഴാളനായ ഒരു യക്ഷന്‍ ഒരിക്കല്‍ തന്‍റെ ജോലിയില്‍ എന്തോ പിഴവു വരുത്തിക്കളഞ്ഞു. ഒരു കൊല്ലത്തേക്കു കാന്തയുമായി പിരിഞ്ഞിരിക്കണം എന്നതായിരുന്നു സ്വാമിയുടെ ശാപം.

ഭാഗം – 2

മനുഷ്യരെല്ലാം വണങ്ങേണ്ടുന്ന രഘൂദ്വഹന്‍റെ കാല്‍പാടുകല്‍ ഈ കൈലാസത്തിന്‍റെ താഴ്വരകളില്‍ പതിഞ്ഞിട്ടുള്ളതാണല്ലോ. താങ്കളുടെ പ്രിയ സുഹൃത്തായ അദ്ദേഹത്തെ ഇപ്പോള്‍ കെട്ടിപ്പുണര്‍ന്നു വിടവാങ്ങിക്കോളൂ. ഈ ഗിരിയാകട്ടെ, വര്‍ഷാരംഭങ്ങളില്‍ വിരഹബാഷ്പ്പം പൊഴിച്ചു തന്‍റെ സ്നേഹം വ്യക്തമാക്കാറുണ്ടല്ലൊ. ആറ്റുവഞ്ഞികള്‍ കുളിര്‍ത്തു നിന്ന ഈ സ്ഥലത്തു നിന്നും അങ്ങു പെട്ടെന്നു തന്നെ പോകേണ്ടതാണു. താങ്കളെ ആകാശത്തു കാണുമ്പോള്‍, കുന്നിന്‍ കൊടുമുടി കാറ്റത്തു അടര്‍ന്നു പറക്കുകയാണോ എന്നു മുഖമുയര്‍ത്തി ഉത്സാഹത്തോടെ നോക്കുന്ന സിദ്ധാംഗനമാരെയും, വഴിക്കു ദിഗ്ഗജങ്ങളേയും ഒഴിഞ്ഞുവച്ചു കൊണ്ടു, വടക്കോട്ടായി പൊയ്ക്കൊള്‍ക.

ഭാഗം – 3

താങ്കള്‍ ചെന്നടുക്കുമ്പോള്‍ ദശാര്‍ണ ദേശം, കൈതപ്പൂക്കളോടും, ഗ്രാമവൃ ക്ഷങ്ങളോടും, കാട്ടതിരുകളില്‍ കായ് പഴുത്തു കറുത്തു നില്‍ക്കുന്ന ഞാവല്‍ മരങ്ങളോടും, അരയന്നങ്ങളോടും കൂടിയതായിചമയും. നാടു നീളെ വിദിശ എന്നു പേര്‍ പുകഴ്ന്ന അവിടത്തെ തലസ്ഥാനത്തില്‍ ചെന്നാല്‍, ഉടന്‍ താങ്കള്‍ക്കു കാമുകത്വത്തിന്‍റെ മഹത്തരമായ ഫലം നേടാം. എന്തുകൊണ്ടെന്നാല്‍, ഓളമിളകുന്ന വേത്രവതിയുടെ ആകര്‍ഷകമായ സ്വാദുജലത്തെ, പുരികം കോട്ടിയ മുഖത്തെ എന്ന പൊലെ താങ്കള്‍ക്കു നുകരാം. അല്‍പ്പം വിശ്രമത്തിനു വേണ്ടി, മൊട്ടിട്ട കടമ്പുകളെക്കൊണ്ടു നിറഞ്ഞ നീചൈസ്സു എന്നു പേരുള്ള പര്‍വതത്തിന്‍റെ മേല്‍ ചെന്നിരിക്കാം.

ഭാഗം – 4

ആ ചണ്ഡേശ്വര ക്ഷേത്രത്തില്‍ സൂര്യന്‍ കാഴചപ്പാടില്‍ മറയും നേരം വരേക്കു താങ്കള്‍ കാത്തിരുന്നു കൊള്ളേണ്ടതാണു. അങ്ങിനെ ചെയ്താല്‍ ത്രിശൂല ധരനുള്ള സന്ധ്യാര്‍ച്ചനയില്‍, താങ്കളുടെ ഇടി നാദം കൊണ്ടുള്ള പെരുമ്പറമേളം കൊട്ടി പൂര്‍ണ്ണമായ ഫലം നേടാം. അവിടെ കാല്‍ വെപ്പുകളില്‍ അരഞ്ഞാണ്‍ കിലുങ്ങിക്കൊണ്ടും രത്നം പതിച്ചു മിന്നുന്ന ചന്തത്തില്‍ വീശുന്ന ചാമരങ്ങളാല്‍ കൈകഴച്ചു കൊണ്ടും ഉള്ള വേശ്യമാര്‍, താങ്കളില്‍ നിന്നു നഖക്ഷതം പോലെ രസം പിടിപ്പിക്കുന്ന പുതുമഴച്ചാറലേല്‍ക്കുമ്പോള്‍, വണ്ടിന്‍ നിര പോലെ നീണ്ട കടാക്ഷങ്ങളെ താങ്കളുടെ മേല്‍ ചാര്‍ത്തി തരും. അവിടെ, പശുപതിക്കു ഈറന്‍ ആനത്തുകില്‍ വേണമെന്നുള്ള ഇച്ചയെ നിറവേറ്റിക്കൊടുക്കുക.

ഭാഗം – 5

താങ്കള്‍ തൂകുന്ന മഴയേറ്റു നെടുവീര്‍പ്പിടുന്ന മണ്ണിന്‍റെ ഗന്ധം കൊണ്ടു ആസ്വാദ്യവും, ആനകളാല്‍ തുമ്പിക്കകത്തെ ഇരമ്പം കൊണ്ടു ഇമ്പം തോന്നുമാറും ഉള്ളതായ ഒരു തണുത്ത കാറ്റു, ദേവഗിരിയുടെ നേര്‍ക്കു പൊയ്ക്കൊണ്ടിരിക്കുന്ന താങ്കളുടെ കീഴെ വീശിക്കൊണ്ടിരിക്കും. അവിടെ നിത്യാധിവാസമുള്ള സ്കന്ധനെ, താങ്കള്‍ നനഞ്ഞ പൂക്കളെകൊണ്ടു നീരാടിക്കണം. ആ സ്കന്ധമയൂരത്തെ, കനത്ത ഇടിയൊലികള്‍ കൊണ്ടു നൃത്തം വെപ്പിക്കണം.

ഭാഗം – 6

കാറ്റടിക്കുമ്പോള്‍ ഉണ്ടാകുന്ന കനല്‍പ്പൊരി, ചമരിമാനുകളുടെ കനത്ത വാല്‍മുടി കൊണ്ടു ആ പര്‍വതത്തിനെ പിടികൂടുകയാണെങ്കില്‍, താങ്കളതിനെ ആയിരം നീര്‍ധ്ധാരകള്‍ കൊണ്ടു അമ്പേ കെടുത്തി വിടേണ്ടതാണു. “ഉത്തമന്മാര്‍ക്കു സമ്പത്തുണ്ടാകുന്നതിന്‍റെ ഫലം ആപത്തില്‍പ്പെട്ടവരുടെ സങ്കടം തീര്‍ത്തു കൊടുക്കുകയാണല്ലോ”. അവിടെ ഒരു പാറമേല്‍ തെളിഞ്ഞു കിടക്കുന്നതും, എപ്പോഴും സിദ്ധന്മാര്‍ പൂജയര്‍പ്പിക്കുന്നതുമായ തിങ്കള്‍ കലാധരന്‍റെ തൃക്കാലടിപ്പാടിനെ താങ്കള്‍ ഭക്തിയോടെ പ്രദക്ഷിണം വെക്കണം.ആ തൃക്കാലടിപ്പാടുകള്‍ ഒന്നു കണ്ടാല്‍ തന്നെ ആസ്തികന്മാര്‍ സ്ഥിരമായ ശിവപാര്‍ഷദ സ്ഥാനം പ്രാപിപ്പാന്‍ തക്കവരായി ചമയുന്നു.

ഭാഗം – 7

അളകയിലെ, വാനോടുരുമ്മുന്ന മാളികകള്‍ അതിന്‍റെ വിശേഷങള്‍ കൊണ്ടു ഉയര്‍ച്ചയുള്ള താങ്കളോടു കിടപിടിക്കുന്നതായി തോന്നാം. മിന്നലിനൊപ്പം ഓമല്‍പ്പെണ്കൊടിമാരുള്ളതു കൊണ്ടും, മഴവില്ലിനൊപ്പം ചിത്രങ്ങളുള്ളതു കൊണ്ടും, കൊഴുത്ത മഴയിടിക്കൊപ്പം സംഗീതത്തിനായി മുരവം കൊട്ടുന്നതു കൊണ്ടും, ഉള്‍നീരിനൊപ്പം മണിമയനിലങ്ങളുള്ളതു കൊണ്ടും താങ്കളോടു കിടപിടിക്കും എന്നു സാരം. അവിടെ സ്ത്രീകള്‍ക്കു, കൈയ്യില്‍ കളിത്താമര പൂവുണ്ടു, കുറുനിരകള്‍ ഇളം മുല്ലപ്പൂ കൊരുത്തവയാണു.ചെവിയില്‍ നല്ല നെന്മേനി വാകപ്പൂവുണ്ടു. സീമന്തത്തില്‍ താങ്കളുടെ സമാഗമത്തിലുണ്ടാവുന്ന കടമ്പിന്‍ പൂവുമുണ്ടു.

ഭാഗം – 8

അവിടെ നടുക്കായി , മൂപ്പെത്താത്ത മുളയുടെ നിറമുള്ള മരതകമണികള്‍ കൊണ്ടു അടിത്തറ കെട്ടി സ്ഫടികപ്പലകയോടു കൂടിയ ഒരു പൊന്‍ ഫലകമുണ്ടു. അതിന്മേല്‍ വൈകുന്നേരം, നിങ്ങളുടെ സുഹൃത്തായ മയില്‍, എന്‍റെ പ്രിയതമയാല്‍ തപ്പണി കൊട്ടി നൃത്തം വയ്ക്കാറുണ്ടു.. നല്ലവനായ അല്ലയോ മേഘമേ ! ഇന്നു ഞാനില്ലാത്തതു കൊണ്ടു തീര്‍ച്ചയായും നിറം കെട്ടിരിക്കുന്ന ആ ഭവനത്തെ; മനസ്സില്‍ കരുതിയ ഈ ലക്ഷണങ്ങളെ കൊണ്ടും വാതിലിന്‍റെ ഇരുവശത്തും രൂപമെഴുതിയിട്ടുള്ള ശംഖ പദ്മങ്ങളെ നോക്കിയും തിരിച്ചറിയാം.

ഭാഗം – 9

അമൃത ശീതളമായി ജനല്‍ വഴിക്കു വന്ന ചന്ദ്രകിരണങ്ങളുടെ നേര്‍ക്കു, കാര്‍മൂടിയ ദിവസത്തില്‍ നീലത്താമരയെന്ന പൊലെ ഉണര്‍ന്നിട്ടും ഉറങ്ങിയിട്ടും അല്ലാതിരിക്കുന്ന, താങ്കളുടെ തോഴിയുടെ മനസ്സ് സ്നേഹം നിറഞ്ഞതാണെന്നു എനിക്കറിയാം, അതുകൊണ്ടാണു അവള്‍ ഈ ആദ്യ വിരഹത്തില്‍ ഇങ്ങനെയായിരിക്കുമെന്നു ഞാന്‍ ഊഹിക്കുന്നതു. അല്ലാതെ സുഭഗമാനിത്വം എന്നെ വാചാലനാക്കുകയല്ല. സഹോദര ! ഞാനിപ്പറഞ്ഞതെല്ലാം താമസിയാതെ താങ്കള്‍ക്കു നേരിട്ടു കാണാമല്ലോ.

ഭാഗം – 10

നിന്‍റെ ഉടലിനെ ഞാവല്‍ വള്ളികളിലും, നോട്ടത്തെ പേടിച്ച പേടമാന്‍ മിഴിയിലും, കപോല കാന്തിയെ ചന്ദ്രനിലും, പുരികക്കളികളെ ആറ്റിലെ ചിറ്റോളങ്ങളിലും ഞാന്‍ ഉത്പ്രേക്ഷിച്ചെങ്കിലും അവയില്‍ നിന്‍റെ സാദൃശ്യം ഒത്തു ചേര്‍ന്നു കണ്ടില്ല. പാറപ്പുറത്തു ധാതുച്ചായങള്‍ കൊണ്ടു നിന്നെ പ്രണയകുപിതയായി എഴുതിയിട്ടു എന്നെ നിന്‍റെ കാല്‍ക്കല്‍ വീണ നിലയില്‍ എഴുതാന്‍ വിചാരിക്കുമ്പൊഴേക്കു ഊറിയൂറി വരുന്ന കണ്ണുനീരുകളെ കൊണ്ടു എന്‍റെ കാഴ്ച്ച മൂടിപ്പൊകുന്നു. ക്രൂരനായ വിധി അവിടെയും നാം ഒത്തു ചേരുന്നതു പൊറുക്കുന്നില്ല. വല്ലപ്പോഴുമുണ്ടാകുന്ന സ്വപ്നകാഴ്ച്ചകളില്‍ എന്‍റെ കൈയ്യില്‍ക്കിട്ടിയ നിന്നെ ഇറുകെപ്പുല്‍കുവാന്‍ വേണ്ടി ആകാശത്തിലെക്കു കയ്യും നീട്ടി കിടക്കുന്ന എന്നെ നോക്കിക്കാണുന്ന വനദേവതമാരുടെ, മുത്തുമണിയോളം പോന്ന കണ്ണുനീര്‍ത്തുള്ളികള്‍ തെരു തെരെ വൃക്ഷങ്ങളുടെ തളിരുകളില്‍ ഇറ്റുവീഴാതിരിക്കുന്നില്ല.