മേഘദൂതം ഭാഗം – 3

पाण्डुच्छायोपवनवृतय: केतकैस्सूचिभिन्नै:

नीडारम्भे गृहबलिभुजां आकुलग्रामचैत्या:

त्वय्यासन्ने फलपरिणतिश्यामजम्पूवनान्ता:

सम्पत्स्यन्ते कतिपयदिनस्थायिहम्सा दश्शार्णा:                    25

 

तेषां दिक्षु प्रथितविदिशालक्षणां राजधानीं

गत्वा सद्य: फलमतिमहत् कामुकत्वस्य लब्धा

तीरोपान्तस्तनितसुभगं पास्यसि स्वादुयुक्तं

सभ्रूभंगं मुखमिव पयो वेत्रवत्याश्चलोर्म्या:                            26

 

नीचैराख्यां गिरिमधिवसेस्तत्र विश्रामहेतो:

त्वत् सम्पर्कात् पुलकितमिव प्रौढपुष्पै: कदम्बे

य: पण्यस्त्रीरतिपरिमलोद्गारिभिर्नागराणां

उद्दामानि प्रथयति शिलावेश्मभिर्योवनानि                           27

 

विश्रान्तस्सन् व्रज वननदीतीरजातानि सिञ्ज

न्नुद्यानानां नवजलकणै: यूथिकाजालकानि

गण्डस्वेदापनयनरुजाक्लान्तकर्णोत्पलानां

छायदानात् क्षणपरिचित: पुष्पलावीमुखानाम्                      28

 

वक्र: पन्था यदपि भवत प्रस्थितस्योत्तराशां

सौधोत्संगप्रणयविमुखो मा च भूरुज्जयिन्या:

विद्युद्दामस्फुरणचकितैस्तत्र पौरांगनानां

लोलापांगैर्यदि न रमसे लोचनैर्वञ्जितोसि                             29

 

वीचिक्षोभस्तनितविहगश्रेणिकाञ्जीगुणाया:

संसर्प्पन्त्या: स्खलितसुभगं दर्शितावर्त्तनाभे:

निर्विन्ध्याया: पथि भव रसाभ्यन्तर: सन्निपत्य

स्त्रीणामाद्यं प्रणयवचनं विभ्रमो हि प्रियेषु                            30

 

वेणीभूतप्रतनुसलिला तामतीतस्य सिन्धु:

पाण्डुच्छाया तटरुहतरुभ्रम्शिभि: शीर्ण्णपर्ण्णै:

सौभाग्यं ते सुभग विरहावस्थया व्यञ्जयन्ती

कार्श्यं येन त्यजति विधिना स त्वयैवोपपाद्य:                        31

 

प्राप्यानवन्तीमुदयनकथाकोविदग्रामवृद्धान्

पूर्वोद्दिष्टामनुसर पुरीं श्रीविशालां विशालां

स्वल्प्पीभूते सुचरितफले स्वर्ग्गिणां गां गतानां

शेषै: पुणै: कृतमिव दिव: कान्तिमत् खण्टमेकम्                     32

 

दीर्घीकुर्व्वन् पटुमदकलं कूजितं सारसानां

प्रत्यूषेषु स्फुडितकमलामोदमैत्रीकषाया:

यत्र स्त्रीणां हरति सुरतग्लानिमंगानुकूल:

शिप्रावात: प्रियतम इव प्रार्थनाचाडुकार:                             33

 

जालोद्गीर्णैरुपचितवपु: केशसंस्कारधूपै:

बन्धुप्रीत्या भवनशिखिभिर्द्दत्तनृत्योपहार:

हर्म्येष्वस्या: कुसुमसुरभिष्वध्वखिन्नान्तरात्मा

नीत्वा खेदं ललितवनितापादरागाङ्कितेषु                           34

 

भर्त्तु: कण्ठच्छविरिति गणै: सादरं वीक्ष्यमाण:

पुण्यं यायास्त्रिभुवनगुरोर्धाम चण्ढेश्वरस्य

धूतोद्यानं कुवलयरजोगन्धिभिर्गन्धवत्या:

तोयक्रीडाविरतयुवतिस्नानतिक्तैर्मरुद्भि:                               35

താങ്കള്‍ ചെന്നടുക്കുമ്പോള്‍  ദശാര്‍ണ ദേശം, കൈതപ്പൂക്കളോടും, ഗ്രാമവൃ ക്ഷങ്ങളോടും, കാട്ടതിരുകളില്‍ കായ് പഴുത്തു കറുത്തു നില്‍ക്കുന്ന ഞാവല്‍ മരങ്ങളോടും, അരയന്നങ്ങളോടും കൂടിയതായിചമയും. നാടു നീളെ വിദിശ എന്നു പേര്‍ പുകഴ്ന്ന അവിടത്തെ തലസ്ഥാനത്തില്‍ ചെന്നാല്‍, ഉടന്‍ താങ്കള്‍ക്കു കാമുകത്വത്തിന്‍റെ മഹത്തരമായ ഫലം നേടാം. എന്തുകൊണ്ടെന്നാല്‍, ഓളമിളകുന്ന വേത്രവതിയുടെ ആകര്‍ഷകമായ സ്വാദുജലത്തെ, പുരികം കോട്ടിയ മുഖത്തെ എന്ന പൊലെ  താങ്കള്‍ക്കു നുകരാം. അല്‍പ്പം വിശ്രമത്തിനു വേണ്ടി, മൊട്ടിട്ട കടമ്പുകളെക്കൊണ്ടു നിറഞ്ഞ നീചൈസ്സു എന്നു പേരുള്ള പര്‍വതത്തിന്‍റെ മേല്‍ ചെന്നിരിക്കാം. അവിടുത്തെ കാട്ടരുവിക്കരകളിലുള്ള പൂന്തോപ്പുകള്‍ക്കു പുതുനീര്‍ത്തുള്ളികള്‍  ആധാനം ചെയ്യുക. കവിളത്തെ വിയര്‍പ്പുതുടക്കലില്‍ ചതഞു വാടിയ കര്‍ണോല്‍പ്പലവുമായി പൂ പറിക്കുന്ന പെണ്കൊടിമാരുടെ മുഖങ്ങള്‍ക്കു താങ്കള്‍ തണലേകണം.അവയൊടെല്ലാം തെല്ലിട ഇടപെട്ട്, വിശ്രമിച്ചതിനു ശേഷം,  അവിടെ നിന്നു യാത്ര തുടരുക. വടക്കോട്ടു പുറപ്പെട്ട താങ്കള്‍ക്കു വഴി വളഞ്ഞാലുമാകട്ടെ, ഉജ്ജയിനിയിലെ മാളികമാടങ്ങളെ കാണാതെ പോകരുത്.  അവിടെ മിന്നല്‍കൊടിയുടെ പിടച്ചില്‍ കൊണ്ടു നടുങ്ങിയ പൌരസുന്ദരിമാരെ കാണാം. അവരുടെ, അറ്റമിളകുന്ന മിഴികളെക്കൊണ്ടു രമിക്കുന്നില്ലെങ്കില്‍, താങ്കള്‍ക്കു ചതി പിണഞ്ഞ പോലെയാകും. മേഘമാര്‍ഗത്തെയും കവിഞ്ഞ ഉജ്ജയിനിയിലെ മാളികകളില്‍ ചെന്നു അല്‍പ്പം വിശ്രമിക്കണം. ഓളത്തിമിര്‍പ്പില്‍ കലമ്പല്‍ കൂട്ടുന്ന പറവക്കൂട്ടമാകുന്ന അരഞ്ഞാണുമായി ചന്തത്തില്‍ ഇടറി നടക്കെ, ചുഴിയാകുന്ന നാഭി വെളിപ്പെട്ടു പൊയ നിര്‍വിന്ധ്യയുടെ വഴിയില്‍ ചാടി വീണു താങ്കള്‍ രസമുള്‍ക്കൊണ്ടു കൊള്‍ക. സ്ത്രീകള്‍ക്കു പ്രിയന്മാരോടുള്ള ആദ്യത്തെ പ്രാര്‍ത്ഥന പരുങ്ങിമാറലാണല്ലോ. ആ മാളിക മാടങ്ങള്‍ കടന്നു ചെന്നാല്‍, ഏകവേണിയായിചുരുങ്ങിയ നീരൊഴുക്കോടു കൂടിയ, കരക്കു നില്‍ക്കുന്ന മരങ്ങളില്‍ നിന്നു കൊഴിഞ്ഞ ഉണക്കിലകള്‍ പരന്നു കിടക്കുന്ന സിന്ധൂ നദിയെ കാണാം.,  ഹേ സുഭഗ ! സിന്ധൂ നദി എന്തു ചെയ്താല്‍ ചടപ്പു വിടുമോ, അതു താങ്കള്‍ നിറവേറ്റിക്കൊടുക്കുക തന്നെ വേണം. കടുത്ത വേനലിലും പുളച്ചൊഴുകുന്ന നിര്‍വിന്ധ്യയില്‍ നിന്നു ജലം ആദാനം ചെയ്തു കൊണ്ടു, അതിനപ്പുറത്തു വേനലാല്‍ ശോഷിച്ച സിന്ധൂ നദിക്കു പ്രദാനം ചെയ്യണം എന്നു സാരം. അതിനു ശേഷം, ഉദയനന്‍റെ കഥ പറയാന്‍ വിരുതുറ്റ ഗ്രാമവൃദ്ധന്മാരോടു കൂടിയ മാളവത്തില്‍ ചെല്ലുക. അവിടെയാകട്ടെ, സുകൃത ഫലം ചുരുങ്ങിയപ്പോള്‍ ഭൂമിയിലേക്കു പോന്ന സ്വര്‍ഗവാസികള്‍ക്കായി, അവരുടെ ശേഷിച്ച പുണ്യം കൊണ്ടു ചമച്ചു വച്ച സ്വര്‍ഗത്തിന്‍റെ ഒരു ഖണ്ഡം  പോലിരിക്കുന്നതും, ഐശ്വര്യ വിസ്തൃതവുമായ, ആദ്യം പറഞ്ഞ ഉജ്ജയിനീ നഗരത്തിലേക്കു ചെന്നണയുക.വഴി കടന്നു ആകെത്തളര്‍ന്ന താങ്കള്‍, അവിടെ ജനാലകളിലൂടെ വരുന്ന കേശസംസ്കാര ധൂപവും,വളര്‍ത്തു മയിലുകളുടെ നൃത്യക്കാഴ്ച്ചയും കൈക്കൊള്ളുക. പിന്നീട് അവിടത്തെ അണിപ്പൂമണം പൂണ്ടു ഓമല്‍പ്പെണ്കൊടിമാരുടെ കാലിലെ ചെമ്പഞ്ഞിച്ചാറിന്‍റെ പാടു പതിഞ്ഞുള്ള മാളികകളിലിരുന്നു താങ്കള്‍ക്കു തളര്‍ച്ച തീര്‍ക്കാം.

അവിടെ, ഗന്ധവതിയില്‍ നിന്നു കരിങ്കൂവളപ്പൂമ്പൊടികളുടെ നറുമണവും ജലക്രീഡ  കഴിഞ്ഞ യുവതിമാരുടെ കടുമണവുമേന്തിയ കാറ്റുകള്‍ വന്നുലക്കുന്ന ഉദ്യാനത്തോടു കൂടിയതായ  ത്രൈലോക്യ ഗുരുവായ ചണ്ഡേശ്വരന്‍റെ പുണ്യക്ഷേത്രത്തിലേക്കു, തളര്‍ച്ച തീര്‍ത്തതിനു ശേഷം, ആദരവോടെ ചെന്നു ചേരുകയും വേണം.

ആപയനയസ്മിന്‍( ശ്ലാകം 36)- തസ്യാ കിഞ്ചിത് (ശ്ലാകം -43)