മേഘദൂതം ഭാഗം – 10
നിന്‍റെ ഉടലിനെ ഞാവല്‍ വള്ളികളിലും, നോട്ടത്തെ പേടിച്ച പേടമാന്‍ മിഴിയിലും, കപോല കാന്തിയെ ചന്ദ്രനിലും, പുരികക്കളികളെ ആറ്റിലെ ചിറ്റോളങ്ങളിലും ഞാന്‍ ഉത്പ്രേക്ഷിച്ചെങ്കിലും അവയില്‍ നിന്‍റെ സാദൃശ്യം ഒത്തു ചേര്‍ന്നു കണ്ടില്ല. പാറപ്പുറത്തു ധാതുച്ചായങള്‍ കൊണ്ടു നിന്നെ പ്രണയകുപിതയായി എഴുതിയിട്ടു എന്നെ നിന്‍റെ കാല്‍ക്കല്‍ വീണ നിലയില്‍ എഴുതാന്‍ വിചാരിക്കുമ്പൊഴേക്കു ഊറിയൂറി വരുന്ന കണ്ണുനീരുകളെ കൊണ്ടു എന്‍റെ കാഴ്ച്ച മൂടിപ്പൊകുന്നു. ക്രൂരനായ വിധി അവിടെയും നാം ഒത്തു ചേരുന്നതു പൊറുക്കുന്നില്ല.